You are currently viewing ജീവിതം തകര്‍ന്നു പോയ ഒരു സ്ത്രീയായി ചിത്രീകരിക്കുന്നതിനോളം അപമാനം മറ്റൊന്നില്ല; ഞാന്‍ തലയുയര്‍ത്തിയാണ് ജീവിക്കുന്നത്; ദേശാഭിമാനിയുടെ തലക്കെട്ടിനെതിരെ സിന്‍സി

ജീവിതം തകര്‍ന്നു പോയ ഒരു സ്ത്രീയായി ചിത്രീകരിക്കുന്നതിനോളം അപമാനം മറ്റൊന്നില്ല; ഞാന്‍ തലയുയര്‍ത്തിയാണ് ജീവിക്കുന്നത്; ദേശാഭിമാനിയുടെ തലക്കെട്ടിനെതിരെ സിന്‍സി

ദേശാഭിമാനി പത്രം തന്നെക്കുറിച്ച് റിപ്പോർട്ട് ചെയ്ത വാർത്തയുടെ തലക്കെട്ടിനോട് യോജിപ്പില്ല എന്ന് സമൂഹമാധ്യമങ്ങളിൽ തുറന്നു പറഞ്ഞു സിൻസി അനിൽ. മറുനാടൻ എന്റെ ജീവിതം തകർത്തു എന്ന തലക്കെട്ട് കൂടിയാണ് സിൻസിയുടെ വാർത്ത ദേശാഭിമാനി പത്രം റിപ്പോർട്ട് ചെയ്തത് ഇതിനെതിരെയാണ് കടുത്ത ഭാഷയിൽ തന്നെ ഫേസ്ബുക്കിൽ സിൻസി അനിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ആ വാക്ക് ഞാൻ പറഞ്ഞിട്ടില്ല എന്നും സിൻസി പറയുന്നുണ്ട്.

തകർന്നു പോയ ഒരു സ്ത്രീയായി ചിത്രീകരിക്കുന്നതിനോടൊപ്പം അപമാനം എനിക്ക് മറ്റൊന്നില്ല എന്നും ഞാൻ എന്റെ നിരപരാധിത്വം തെളിയിച്ചിട്ടുണ്ട് എന്നും അത് കുറ്റപത്രം ആയി പിറവം കോടതിയിൽ ഇരിക്കുന്നുണ്ട് എന്നും വളരെ വ്യക്തമായ ഭാഷയിലാണ് സിൻസി ഫേസ്ബുക്കിൽ കുറിച്ചത്. പൂർണ്ണമായി തലക്കെട്ടിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു എന്നും ഫേസ്ബുക്ക് കുറിച്ചിട്ടുണ്ട്.

സിൻസിയുടെ ഫേസ്ബുക്ക് കുറിപ്പ്: “ഈ വാക്ക് ഞാൻ പറഞ്ഞിട്ടില്ല… മറുനാടൻ മലയാളി എന്ന ഒരു മഞ്ഞ പത്രക്കാരന്റെ പേനത്തുമ്പിൽ പൊലിഞ്ഞു പോകുന്നതല്ല എന്റെ ജീവിതം…. അനേകം പ്രതിസന്ധികളിൽ നിന്നും പൊരുതി കയറിയ ജീവിതമാണ്.. ഞാൻ അപമാനിക്കപ്പെട്ട സമൂഹത്തിന് മുന്നിൽ എന്റെ നിരപരാധിത്വം ഞാൻ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്… അത് കുറ്റപത്രം ആയി പിറവം കോടതിയിൽ ഇരിക്കുന്നുണ്ട്…

അതുകൊണ്ടുതന്നെ തലയുയർത്തി തന്നെയാണ് ജീവിക്കുന്നത്… എന്നെ ജീവിതം തകർന്നുപോയ ഒരു സ്ത്രീയായി ചിത്രീകരിക്കുന്നതിനോളം അപമാനം എനിക്ക് മറ്റൊന്നില്ല… ഈ കാലമത്രയും ചവിട്ടിയ കനലുകളുടെ കണക്കെടുത്തു നോക്കിയാൽ ഞാൻ ആയതുകൊണ്ട് മാത്രമാണ് ജീവിച്ചിരിക്കുന്നത് എന്ന് അഭിമാനത്തോടെ പറയും…

അതുകൊണ്ട് ഈ തലക്കെട്ടിനോട് പൂർണ്ണ വിയോജിപ്പ്ഇനി ഇത് ചോദിച്ച് ആരും വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുത്.. അപേക്ഷയാണ്” ദേശാഭിമാനി സിന്‍സിയെക്കുറിച്ച് നല്‍കിയ വാര്‍ത്തയുടെ പൂര്‍ണരൂപം: മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറയല്ലെന്ന് മണീട് സ്വദേശിനി സിന്‍സി അനില്‍ പറയുന്നു.

കുടുംബവൈരാഗ്യം തീര്‍ക്കാന്‍ നവീന്‍ ജെ അന്ത്രപേര്‍ എന്ന ഗായകന്‍ എന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. പരാതിയില്‍ 2016 ജൂലൈ 30ന് നവീന്‍ അറസ്റ്റിലായി. ‘പൂര്‍വവൈരാഗ്യം തീര്‍ക്കാന്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ഗായകന്‍ അറസ്റ്റില്‍’ എന്നാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം വാര്‍ത്ത നല്‍കിയത്. എന്നാല്‍, മറുനാടന്‍മാത്രം അത് ‘മുന്‍ കാമുകിയുടെ ചിത്രം മോര്‍ഫ് ചെയ്ത ഗായകന്‍ അറസ്റ്റില്‍’ എന്നാക്കി.

അശ്ലീല സൈറ്റിലടക്കം വന്ന ചിത്രം എന്റേതല്ലെന്ന് തെളിയിക്കാന്‍ ഏറെ ബുദ്ധിമുട്ടി. കുടുംബവൈരാഗ്യമാണ് കുറ്റകൃത്യത്തിനു പിന്നിലെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം കോടതിയിലുണ്ട്. എന്നാല്‍, മറുനാടന്‍ കാരണം പലരുടെയും മുനവച്ചുള്ള ചോദ്യത്തിന് ഇപ്പോഴും വിശദീകരണം നല്‍കേണ്ട സ്ഥിതിയാണ്. മറുനാടന്‍ മലയാളിയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യാം എന്നുപോലും ആലോചിച്ചിട്ടുണ്ട്– സിന്‍സി പറയുന്നു.

Leave a Reply