You are currently viewing നമ്മുടെ മഹനീയ സംസ്കാരത്തെ വാരി കെട്ടി പൊതിഞ്ഞു ചാക്കിലാക്കുന്ന വിദേശികൾ….

നമ്മുടെ മഹനീയ സംസ്കാരത്തെ വാരി കെട്ടി പൊതിഞ്ഞു ചാക്കിലാക്കുന്ന വിദേശികൾ….

മലിനമായി കിടന്ന ഫോർട്ട് കൊച്ചി ബീച്ച് റഷ്യയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ ശുചീകരിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. റഷ്യൻ വിനോദ സഞ്ചാരികൾ മാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചു വെയ്ക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ലജ്ജയോടെ അല്ലാതെ മലയാളികൾക്ക് ഒരാൾക്കും വീഡിയോ കാണാൻ കഴിയില്ല.

എല്ലാം വൃത്തിയാക്കി ചാക്കുകളിൽ നിറച്ച് ചാക്ക് കെട്ടുകൾക്ക് നടുവിൽ കൊച്ചിക്കാർക്കായി ഒരു പ്ലക്കാർഡിൽ നിങ്ങളുടെ ജീവിതം ശുചീകരിക്കുക, മാലിന്യം ശേഖരിച്ച് അവ കത്തിച്ചു കളയുകയോ, കുഴിച്ചു മൂടുകയോ ചെയ്യുക എന്ന് എഴുതി വെക്കുകയും ചെയ്തിട്ടുണ്ട്. മലയാളികളുടെ അഭിമാന ബോധത്തെ മുഴുവൻ തച്ചുടക്കാൻ ആ വാക്കുകൾക്ക് കഴിവുണ്ടെന്നതാണ് സത്യം.

വീഡിയോ വൈറലായതിനു പിന്നാലെ പല കോണുകളിൽ നിന്നും വലിയ തോതിലുള്ള പ്രതിഷേധവും ഉയർന്നു വരുന്നുണ്ട്. ഓൾ കേരള ടൂർ ഗൈഡ്സ് അസോസിയേഷൻ പ്രസിഡൻ്റ് സി സതീഷിന്റെ സാന്നിധ്യത്തിലാണ് റഷ്യൻ സംഘം ബീച്ച് വ‍ൃത്തിയാക്കിയത് എന്നും ഇദ്ദേഹമാണ് ഈ വിനോദ സഞ്ചാരികളുടെ സംഘത്തെ നയിച്ചിരുന്നത് എന്നുമാണ് പുറത്തു വന്ന റിപ്പോർട്ടുകളിൽ പറയുന്നത്.

പ്ലാസ്റ്റിക്, കുളവാഴ, തെർമോക്കോൾ, ഗ്ലാസ് ബോട്ടിലുകൾ തുടങ്ങിവയൊക്കെയാണ് ഫോർട്ട് കൊച്ചി ബീച്ചിലെ മാലിന്യങ്ങളിൽ അധികവും. ഇതൊക്കെയാണ് ചാക്കുകളിൽ നിറച്ചു കൊണ്ട് ബീച്ച് വിനോദ സഞ്ചാരികളുടെ ഗ്രൂപ്പ് വൃത്തിയാക്കിയത്. കേരളത്തിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഫോർട്ട് കൊച്ചിയിലെ ബീച്ച് എന്നത് തന്നെയാണ് വാർത്തകൾക്ക്‌ മൂർച്ച കൂട്ടുന്നത്.

ബീച്ചിലെ മാലിന്യ നിക്ഷേപം പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോൾ മലയാളികൾക്ക് മുഴുവൻ അപമാനമായിരിക്കുകയാണ് ഈ സംഭവം. ബീച്ചിൽ ശുചിത്വം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട ജില്ലാ ഭരണകൂടത്തിനും കൊച്ചി കോർപ്പറേഷനും ലഭിക്കുന്നത് വലിയ വിമർശനം ആണിപ്പോൾ ലഭിക്കുന്നത്.

Leave a Reply