You are currently viewing ഒരു സമയത്ത് ഒരു ഭാര്യ മതി എന്നതാണ് ചിലര്‍ ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കാന്‍ കാരണം: സന്തോഷ് പണ്ഡിറ്റ്

ഒരു സമയത്ത് ഒരു ഭാര്യ മതി എന്നതാണ് ചിലര്‍ ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കാന്‍ കാരണം: സന്തോഷ് പണ്ഡിറ്റ്

ഒരു ഇന്ത്യൻ നടൻ, നിർമ്മാതാവ്, ഗായകൻ, ഫിലിം എഡിറ്റർ, മനുഷ്യസ്‌നേഹി , സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നീ നിലകളിൽ എല്ലാം അറിയപ്പെടുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. 2011-ൽ പുറത്തിറങ്ങിയ കൃഷ്ണനും രാധയും എന്ന ലോ-ബജറ്റ് ചിത്രത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. പണ്ഡിറ്റിന്റെ ആദ്യ ചിത്രമായ കൃഷ്ണനും രാധയും 2011 ഒക്ടോബർ ൽ റിലീസ് ചെയ്തത് തീയേറ്ററുകളിൽ അപ്രതീക്ഷിത വിജയമായി.

ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് ഏകീകൃത സിവിൽ കോഡിനെ കുറിച്ച് തന്റെ അഭിപ്രായം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുകയും അവ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്നത് ഒരു വീഡിയോ ആണ്. വളരെ വ്യക്തമായി തന്നെ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളാണ് താരം വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ ഇങ്ങനെ എഴുതാം : ‘ഇന്ത്യൻ ഭരണഘടനയിലുള്ള ഒരു നിയമമാണ് ഏകീകൃത സിവില്‍ കോഡ് എന്നത്. വോട്ട് ബാങ്ക് രാഷ്‌ട്രീയം മുൻനിര്‍ത്തി പല സര്‍ക്കാരും അത് പാസാക്കിയില്ല എന്നതാണ് പ്രശ്‌നം. ഒരു പരിഷ്‌കൃത സമൂഹത്തില്‍ വിവാഹം, വിവാഹമോചനം, കുട്ടികളെ ദത്തെടുക്കല്‍, സ്വത്തവകാശം ഇതെല്ലാം ഒരേപോലെയെ നടത്താവൂ എന്നതാണ് ഈ നിയമത്തില്‍ പറയുന്നത്.

ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ സമൂഹത്തിലും ജീവിതത്തിലും സ്ത്രീകളെ താഴ്‌ത്തി കെട്ടാൻ സാധിക്കില്ല. പുരുഷനും സ്ത്രീയ്‌ക്കും തുല്യ അവകാശമാണ് വേണ്ടത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 44 എല്ലാവരും പഠിക്കണം. ഇന്ത്യയിലെ ജനങ്ങള്‍ ഐക്യത്തോടെ ഒരേ നിയമത്തില്‍ മുന്നോട്ട് പോകേണ്ടതുണ്ട്. ഡോ. അംബേദ്ക്കര്‍ അടക്കമുള്ളവര്‍ യൂണിഫോം സിവില്‍ കോഡിന്റെ ആവശ്യകതയെപ്പറ്റി വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ നിമയത്തെ എന്തിനാണ് എതിര്‍ക്കുന്നത്.

സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യം കൊടുക്കാത്ത ചില സമുദായങ്ങളാണ് യുണിഫോം സിവില്‍ കോഡിനെ എതിര്‍ക്കുന്നത്. ഈ നിയമം തുല്യത ഉറപ്പാക്കുന്നതാണ്. സ്ത്രീകള്‍ക്ക് സ്വത്തുക്കള്‍ കൊടുക്കാൻ മടിക്കുന്നവര്‍ ഇതിനെതിരെ സംസാരിക്കും. യൂണിഫോം സിവില്‍ കോഡിനെ മതത്തിലെ ചില നിയമങ്ങള്‍ വച്ച്‌ എതിര്‍ക്കുന്നവര്‍ ആ മതത്തിലുള്ള ശിക്ഷ നിയമങ്ങള്‍ നടപ്പാക്കണം എന്ന് പറഞ്ഞു കേള്‍ക്കാറില്ല.

ഇന്ത്യയിലെ നിയമങ്ങള്‍ ഇവിടെ പാലിക്കാൻ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ്. ഒരു സമയത്ത് ഒരു ഭാര്യ മതി എന്നതാണ് ചിലര്‍ ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കാൻ കാരണം. ഇന്ത്യയിലെ നിയമങ്ങളാണ് ഇവിടുള്ളവര്‍ പാലിക്കേണ്ടത്. അല്ലാതെ മത നിയമങ്ങളല്ല. എന്നാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. തുല്യത കൊണ്ടു വരുന്ന ഒരു നിയമമാണ് ഇത് എന്നും അതിനെ എതിർക്കുന്നവരാണ് നിയമത്തെയും എതിർക്കുന്നത് എന്ന അഭിപ്രായമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Leave a Reply