You are currently viewing സിനിമകളില്‍ മുസ്‌ലിംകളെ മോശക്കരായി ചിത്രീകരിക്കുന്നു – ഷാരൂഖ് ഖാന്‍ ചാവഡ

സിനിമകളില്‍ മുസ്‌ലിംകളെ മോശക്കരായി ചിത്രീകരിക്കുന്നു – ഷാരൂഖ് ഖാന്‍ ചാവഡ

ഇരുപത്തെട്ടാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ സനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കായോ കായോ കളര്‍? എന്ന സിനിമയുടെ സംവിധായകന്‍ ഷാരൂഖ് ഖാന്‍ ചാവഡയുമായി മധ്യമ വിദ്യാര്‍ഥി അന്‍വര്‍ ദയാല്‍ നടത്തിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട മുസ്‌ലിം സമൂഹത്തിന്റെ യാഥാര്‍ഥ്യ ജീവിതത്തെ അനാവരണം ചെയ്യുന്ന സിനിമയാണ് കായോ കായോ കളര്‍?.

സിനിമകളിൽ മുസ്‌ലിംകളെ ബോധപൂര്‍വമായും അല്ലാതെയും മോശക്കാരായി ചിത്രീകരിക്കുന്ന ഒരു പ്രവണതയുണ്ട് എന്നും അത്തരം സിനിമകളില്‍ മുസ്‌ലിംകള്‍ യാഥാസ്ഥിതിക ജീവിതശൈലി പിന്തുടരുന്നവരും ഭയവും അക്രമവും വളര്‍ത്തുന്നവരും വളരെ മോശപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുമൊക്കെയായാണ് അവതരിപ്പിക്കുന്നത് എന്നുമാണ് അദ്ദേഹം പറയുന്നത്.

അതിനെതിരെയുള്ള ഉറച്ച ശബ്ദമായാണ് സിനിമ പുറത്തു വന്നത്. ദൈനംദിന ജീവിതങ്ങളും നിസാരമായ കാര്യങ്ങളും, ആശങ്കകളും, ഹൃദയ സ്പര്‍ശിയായ യാഥാര്‍ഥ്യവുമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ ഇടുങ്ങിയ ചുറ്റുപാടില്‍ കഴിയുന്ന ഒരു മുസ്‌ലിം തൊഴിലാളി കുടുംബത്തിന്റെ ദൈനംദിന ജീവിത സംഘര്‍ഷങ്ങളും സന്തോഷങ്ങളുമാണ് കായോ കായോ കളര്‍? എന്ന സിനിമയില്‍ സംവിധായകൻ അവതരിപ്പിക്കുന്നത്.

അതിന് കാരണവും അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയില്‍ സിനിമകളില്‍ മുസ്‌ലിംകളെ ബോധപൂര്‍വം അപരവത്കരിച്ചു കൊണ്ടാണ് ചിത്രീകരിക്കുന്നത് എന്നും മുസ്‌ലിംകളെ വളരെ മോശപ്പെട്ടവരായും കൂടുതല്‍ ദാരിദ്ര്യം അനുഭവിക്കുന്നവരായും ചേരികളില്‍ താമസിക്കുന്നവരായും ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവരായും തീവ്രവാദ സംഘടനകള്‍ ബന്ധമുള്ളവരുമൊക്കെ ആയാണ് ചിത്രീകരിച്ചു വരുന്നത് എന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

എന്നാൽ യാഥാര്‍ഥ്യം മറ്റൊന്നാണ് എന്നും അത് എനിക്ക് ബോധ്യപ്പെടുത്തണമെന്ന് തോന്നി എന്നും ഇവരും മനുഷ്യരാണ്. ഇവരെ മാറ്റിനിര്‍ത്തേണ്ട ആവശ്യമോ മോശപ്പെട്ട വിഭാഗക്കാരായോ കാണേണ്ട ആവശ്യമോ ഇല്ല എന്നുമാണ് അദ്ദേഹം പറയാൻ ശ്രമിക്കുന്നത്. അത് സിനിമയില്‍ വ്യക്തമായി കാണിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇതുതന്നെയായിരുന്നു ചിത്രത്തിലൂടെ പറയാന്‍ ആഗ്രഹിച്ചതും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply